കേരളത്തിലെ ആം ആദ്മി പാർട്ടി നേതൃത്വത്തെ പൂർണമായും പിരിച്ചുവിട്ടു. ഉടൻതന്നെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തിൽ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെയാണ് ജോക്കോവിച്ച് 6–2, 6–1, 6–2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ ആന്ദ്രെ റുബ്ലേവാണ് ജോക്കോവിച്ചിന്റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ 25-ാം വിജയമാണിത്.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.