ആറൻമുള വള്ളസദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച 2 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വള്ളസദ്യ പുനരാരംഭിക്കുന്നത്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ക്ഷേത്രക്കടവിനോട് അടുക്കുന്നതിന് പള്ളിയോടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ കാലമാണ്.
യുഎൻ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബറിൽ ഡൽഹിയിലും മുംബൈയിലുമായാണ് യോഗം ചേരുക. അമേരിക്കയും ചൈനയും ഉൾപ്പെടെ 15 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
അടുത്ത മൂന്ന് മണിക്കൂർ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, തൃശൂർ ജില്ലയിലെ അങ്കണവാടികൾ ഉൾപ്പെടെ, നഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പരീക്ഷകളിൽ മാറ്റമില്ല.