ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെയാണ് ജോക്കോവിച്ച് 6–2, 6–1, 6–2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ ആന്ദ്രെ റുബ്ലേവാണ് ജോക്കോവിച്ചിന്റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ 25-ാം വിജയമാണിത്.
കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. വിദ്യാർത്ഥി പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 14 ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആം ആദ്മി പാർട്ടി നേതൃത്വത്തെ പൂർണമായും പിരിച്ചുവിട്ടു. ഉടൻതന്നെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തിൽ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.