ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കുട്ടികളെ പഞ്ചവാദ്യ കലാകാരൻമാർ രക്ഷപ്പെടുത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗം കാക്കാഴം പുതുവൽ രാജ്കുമാറിന്റെ മകൻ ആര്യൻ (11), കോമന പുതുവൽ ബിനീഷിന്റെ മകൻ ശ്രീഹരി (11) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പഞ്ചവാദ്യ കലാകാരൻമാരായ വിഷ്ണുമോനും, യദുകൃഷ്ണനും ചേർന്നാണ് കുട്ടികളെ അപായത്തിൽ നിന്ന് കരകയറ്റിയത്. അമ്പലപ്പുഴ ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കുളത്തിൽ ഞായറാഴ്ച 10 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഭജനമിരിക്കുന്ന കുട്ടികൾ ബന്ധുക്കൾക്കൊപ്പം കുളത്തിലിറങ്ങുകയായിരുന്നു. വസ്ത്രം കഴുകികൊണ്ടിരുന്ന ബന്ധുവായ സ്ത്രീ കുട്ടികൾ കുളത്തിലിറങ്ങുന്നത് കണ്ടെങ്കിലും അല്പനേരം കഴിഞ്ഞ് ശബ്ദമൊന്നും കേൾക്കാതായതോടെ ക്ഷേത്രത്തിൽ പഞ്ചവാദ്യത്തിനെത്തിയ അമ്പലപ്പുഴ സ്വദേശികളായ യദുകൃഷണനെയും, വിഷ്ണുമോനെയും വിവരമറിയിക്കുകയായിരുന്നു. ഇരുവരും കുളത്തിലിറങ്ങി തിരയുന്നതിനിടെ വിഷ്ണുമോന്റെ കാലിൽ തടഞ്ഞതോടെ ശ്രീഹരിയെ കണ്ടെത്തി കരയിലെത്തിച്ചു. കുളപ്പടിയിൽ വസ്ത്രം കണ്ടതോടെ ആര്യനെയും മുങ്ങിയെടുത്തു. പൊലീസും, നാട്ടുകാരും ചേർന്ന് കുട്ടികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററി ജെഎൻയു ക്യാമ്പസിൽ പ്രദർശിപ്പിക്കാനുള്ള യൂണിയന്റെ തീരുമാനത്തെ എതിർത്ത് സർവകലാശാല. പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ലെന്നും വിദ്യാർത്ഥികൾ ഇതിൽ നിന്ന് പിൻമാറണമെന്നും അധികൃതർ പറഞ്ഞു.
നെറ്റ്ഫ്ലിക്സ് ഏപ്രിൽ 1 മുതൽ പാസ്വേഡ് പങ്കിടലിന് പണം ഈടാക്കും. കുടുംബത്തിന് പുറത്തുള്ള ആൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്വേഡ് നൽകുകയാണെങ്കിൽ, പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടിവരും. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കിടലിന് പണം ഈടാക്കി തുടങ്ങിയിരുന്നു.