16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുത്തു. XD 236433 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേർക്കാണ്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. സെപ്റ്റംബറിൽ നറുക്കെടുത്ത ഓണം ബമ്പറായിരുന്നു ഏറ്റവും ഉയർന്ന സമ്മാനം.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ. എൻഡിഎ മുന്നണി വിപുലീകരിക്കാൻ വിവിധ പാർട്ടികളുമായി ചർച്ച നടത്തിവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും, ബിജെപി വൈകാതെ കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇടത് സർക്കാർ വായ്പയെടുത്ത് പാഴാക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. അഴിമതിക്ക് അറുതിവരുത്താൻ സർക്കാർ തയ്യാറല്ല. പണം കടമെടുത്ത് ധൂർത്തടിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.