വിവാദമായ ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെ ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്. സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിലെയടക്കം വൈദ്യുതിയും വൈഫൈയും സർവകലാശാല അധികൃതർ വിച്ഛേദിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമാണ് വിവാദ ഡോക്യുമെന്ററി കണ്ടത്. ഇതിനിടെയാണ് കല്ലേറുണ്ടായത്.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ സാനിയ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് വോക്കോവർ ലഭിച്ചു. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയും സ്പെയിനിന്റെ ഡേവിഡ് വേഗയുമാണ് ഇവർക്കെതിരെ മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ മതിയായ വിശ്രമം ലഭിക്കാത്തതിനാൽ ഒസ്റ്റാപെങ്കോ പിൻമാറുകയായിരുന്നു.
ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ത്യൻ സമയം പുലർച്ചെ 2:30 ന് പുറത്തിറങ്ങി. 2019 ൽ മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. രണ്ടാം ഭാഗത്തിൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുൾപ്പടെയുള്ള കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.