സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്മെന്റിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയതായി മന്ത്രി വീണാ ജോർജ്. പോസ്റ്റ്മോർട്ടത്തിനു മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് മൂലമാണെന്ന് ക്ലിനിക്കൽ സംശയം ശക്തമായാൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മതിയാകും.
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂർ രാജിവെക്കണമെന്ന ആവശ്യവുമായി അഭിഭാഷക സംഘടനകൾ. സൈബി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം ഊർജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു.
പലിശ സഹിതം എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്ന പരാതിയുമായി പത്തനംതിട്ട കൂടൽ ഹൗസിങ് സൊസൈറ്റിയിലെ ഇടപാടുകാർ. 11 ഓളം പേർ അഞ്ച് മുതൽ ഒമ്പത് വർഷമായി സൊസൈറ്റിയിൽ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ അപാകതയാണിതെന്നും വേഗത്തിൽ നടപടിയുണ്ടാകുമെന്നുമാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ വിശദീകരണം.