ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെച്ചൊല്ലി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. സർവകലാശാല അധികൃതർ പ്രദർശനാനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികൾ തടിച്ചുകൂടിയതിനെ തുടർന്നാണ് പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് അഞ്ച് വിദ്യാർത്ഥികളെ കരുതൽ തടങ്കലിലാക്കി. ഇതിൽ നാലുപേർ മലയാളികളാണ്.
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെയുള്ള മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ശക്തിവേലിന്റെ കുടുംബത്തിനു ആശ്രിത നിയമനം നൽകും.
കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഗാനമേളക്കിടെ സംഘർഷം. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ചികിത്സ തേടി.