മെക്കാനിക്കൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി 54കാരി കുമാരി. ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കണമെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഒരാളെയും നിയമിക്കേണ്ടതുണ്ട്. എന്നാൽ അതിന് മാത്രമായി ഒരാളെ നിയമിച്ച് ശമ്പളം നൽകേണ്ടതില്ല, സ്വയം പഠിച്ച് സർട്ടിഫിക്കറ്റ് നേടാമല്ലോ എന്ന വെഹിക്കിൾ ഇൻസ്പെക്ടറുടെ അഭിപ്രായമാണ് കുമാരിക്ക് പ്രചോദനമായത്. കളമശ്ശേരി പോളി ടെക്നിക്കിൽ ഒരു വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്ന കുമാരിക്ക് ഫലം വന്നപ്പോൾ കേരളത്തിലെ ഏറ്റവും ഉയർന്ന മാർക്ക്. 600ൽ 574 മാർക്കാണ് കുമാരി നേടിയത്. ഓട്ടോമൊബൈൽ ഡീലർ കമ്പനിയിൽ ജോലിക്കാരിയായിരുന്ന കുമാരി 1993 ൽ ഓട്ടോ, കാർ ലൈസൻസും, 2013 ൽ ഹെവി ലൈസൻസും നേടിയിരുന്നു. ബജാജ് സണ്ണി സ്കൂട്ടർ ഇറങ്ങിയ കാലത്ത് സ്ത്രീകളെ മുന്നോട്ടിറങ്ങാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ 10 ടീച്ചർമാരെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കുക എന്ന പദ്ധതിയിലെ ട്യൂട്ടർ ആയിരുന്നു കുമാരി. 3,000 വനിതകളെ ഇതിനോടകം കുമാരി സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചു.
മോദി സർക്കാരിന്റെ മോശം നയങ്ങൾക്കെതിരെ കോൺഗ്രസ് കുറ്റപത്രം പുറത്തുവിട്ടു. ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് പേജുള്ള കുറ്റപത്രം പുറത്തുവിട്ടത്. ബിജെപി സർക്കാരിന്റെ നയങ്ങൾ കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾ തലം മുതൽ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. മാന്യമായി എങ്ങനെ പെരുമാറണമെന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.