ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അൽ സീസി. ജനുവരി 24നാണ് അൽ സീസി ഇന്ത്യയിലെത്തുക. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പൂനെയിൽ മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കൊണ്ട് മനുഷ്യാസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളില്ലാത്തതിന്റെ പേരിൽ 28 കാരിയായ യുവതിയെ മന്ത്രവാദത്തിനു ഇരയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ഭർത്താവ്, ഭർതൃ മാതാപിതാക്കൾ, മന്ത്രവാദം നടത്തിയ സ്ത്രീ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം നഗരപരിധിയിൽ ഡിജെ പാർട്ടികൾക്ക് പൊലീസ് മാർഗ്ഗനിർദ്ദേശങ്ങൾ. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിശദാംശങ്ങൾ അറിയിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കണമെന്നും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.