തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്ന് കേന്ദ്ര സർക്കാർ. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയണമെന്ന ആവശ്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജി. എസ്. ടി സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ പ്രതിരോധവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം തടയുന്നതിലും കേന്ദ്രസർക്കാറിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് നിർമ്മല പറഞ്ഞു. യു. പി. എ സർക്കാറിന്റെ അവസാന ആറു മാസക്കാലത്തെ വിലയുമായി ഇപ്പോഴത്തെ വിപണിവില താരതമ്യം ചെയ്താൽ അത് മനസിലാകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടത്തിലാണെന്ന് നാറ്റ്പാക് റിപ്പോർട്ട് സംസ്ഥാന സർക്കാർ അവഗണിക്കുന്നതായി ആരോപണം. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല.