ഗാംബിയയുടെ വൈസ് പ്രസിഡന്റ് ബദാര അലിയു ജൂഫ് ഇന്ത്യയിൽ വച്ച് മരണമടഞ്ഞു. അസുഖത്തെ തുടർന്ന് ജൂഫ് മരിച്ചതായി ഗാംബിയയുടെ പ്രസിഡന്റ് അദാമ ബാരോ അറിയിച്ചു. ചികിത്സ തേടി മൂന്നാഴ്ച മുമ്പാണ് ജൂഫ് ഗാംബിയയിൽ നിന്നും ഇന്ത്യയിലേക്ക് വന്നത്. 65 കാരനായ ജൂഫ് മുൻപ് ഗാംബിയയുടെ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇലന്തൂർ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി 21ന് കോടതിയിൽ സമർപ്പിക്കും. സമഗ്രമായ അന്വേഷണത്തിനു ശേഷം തയ്യാറാക്കിയ കുറ്റപത്രം പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയിലാണ് സമർപ്പിക്കുക. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിൻ്റെതാണ് 21ന് സമർപ്പിക്കുന്ന കുറ്റപത്രം.
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. കുട്ടികളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നാണ് ആക്ഷേപം. അന്വേഷണത്തിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.