28 വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ കെ.വി.രാമ സുബ്ബ റെഡ്ഢി തിന കൃഷിയിലൂടെ പടുത്തുയർത്തിയത് സ്വപ്ന സാമ്രാജ്യം. ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന ഖാദർവാലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, വിവിധയിനം തിനകളിൽ നിന്നും ആരോഗ്യദായകമായ ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിക്കുന്ന അദ്ദേഹം മില്ലറ്റ് മാൻ ഓഫ് ആന്ധ്ര എന്നറിയപ്പെടുന്നു. കുട്ടിക്കാലത്ത് അമ്മ നൽകിയിരുന്ന വ്യത്യസ്ത തിന ഭക്ഷണങ്ങളുടെ രുചി ഓർത്ത് 2017 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആളുകൾ പാടേ ഇത്തരം ധാന്യങ്ങൾ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. തിന കൃഷി തിരിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 20 ഏക്കർ സ്ഥലം വാങ്ങിയെങ്കിലും അപ്രതീക്ഷിതമായി കോവിഡ് എത്തി. അതിലൂടെ സംഭവിച്ച നഷ്ടങ്ങളൊന്നും അദ്ദേഹത്തെ തളർത്തിയില്ല. അമ്മയുടെയും, ഭാര്യയുടെയും സഹായത്തോടെ വിവിധയിനം തിനകൾ ഉപയോഗിച്ചുള്ള ലഡ്ഡു, മുറുക്ക്, ബിസ്ക്കറ്റ് എന്നിവ വിപണിയിൽ എത്തിക്കുകയാണ് അദ്ദേഹം ഇന്ന്. കീടങ്ങൾ തിനകളെ ആക്രമിക്കില്ല എന്നതും അനുകൂലമായി. മിബിൾസ് എന്ന സംരംഭത്തിലൂടെ പ്രതിമാസം 1.7 കോടി രൂപയാണ് അദ്ദേഹം നേടുന്നത്. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നം അനുഭവിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്നതാണ് ഇത്തരം ധാന്യങ്ങളെന്നും, ഒരു നേരത്തെ ആഹാരത്തിലെങ്കിലും ഇവ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇ-കൊമേഴ്സ് ഭീമൻ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സേവനമായ 'ആമസോൺ എയർ' ആരംഭിച്ചു. ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റ് 'ആമസോൺ എയർ' ഇന്ത്യയിൽ അവതരിപ്പിച്ചത്. യുഎസിനും യൂറോപ്പിനും ശേഷം ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.