നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിനായി റിസർവ് ബാങ്ക് 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കും. ഇതാദ്യമായാണ് റിസർവ് ബാങ്ക് ഹരിത ബോണ്ട് അവതരിപ്പിക്കുന്നത്. വിൽപ്പനയുടെ ആദ്യ ഘട്ടമാണ് ഇന്ന്. 5 വർഷവും 10 വർഷവും കാലാവധിയുള്ള 4,000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് സ്വർണ വില. 42,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7 നാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 42,000 രൂപയായിരുന്നു അന്ന്.
കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8.30 ഓടെ കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.