ഹരിപ്പാടുകാരായ ജോർജ്കുട്ടിയും മോഹനനും ഉറ്റസുഹൃത്തുക്കളാണ്. വർഷങ്ങളോളം ഒന്നിച്ച് പ്രവാസ ജീവിതം നയിച്ചവർ. 16 വർഷം പ്രവാസ ജീവിതം നയിച്ചിട്ടും ജീവിത പ്രതിസന്ധികളിൽ വീണുപോയ സുഹൃത്തിനെ തേടിയെത്തി വീട് വെക്കാൻ സ്ഥലം നൽകി കൈപിടിച്ച് ഉയർത്തുകയാണ് ജോർജ്കുട്ടി. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന് പിന്നിലുള്ള ഒന്നേകാൽ സെന്റിലുള്ള കൂരയിലായിരുന്നു ഭാര്യയും, അമ്മയും, രണ്ട് മക്കളുമൊത്ത് മോഹനൻ കഴിഞ്ഞിരുന്നത്. ഗൾഫിൽ വച്ച് പക്ഷാഘാതം സംഭവിച്ച് നാട്ടിലെത്തിയതോടെ അദ്ദേഹം വലിയ കടബാധ്യതയിലായി. നിലവിലെ ഭൂമിക്ക് കൈവശാവകാശ രേഖ ഇല്ലാത്തതിനാൽ സർക്കാർ പദ്ധതിയുടെ ഭാഗമാകാനും കഴിഞ്ഞില്ല. തുടർന്നാണ് പഴയ സുഹൃത്ത് തേടി എത്തുന്നത്. 5 സെന്റ് നൽകാം സർക്കാർ പദ്ധതിയിൽ ചേരൂ എന്ന ജോർജ്കുട്ടിയുടെ നിർദേശപ്രകാരം ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷിച്ചിരിക്കുകയാണ് മോഹനൻ. പള്ളിപ്പാട് വെട്ടുവേനി പറമ്പിൽ ജോർജ്കുട്ടി 20 വർഷം മസ്ക്കറ്റിൽ ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി ഒരു കമ്പനിയിൽ 15 വർഷം ഫോർമാനായിരുന്നു. ഭാര്യ സുജ, മക്കളായ സോജി, ജോജി എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഭാര്യ സുജയും ചേർന്നാണ് രേഖകൾ കൈമാറിയത്. രമേശ് ചെന്നിത്തല, എ.എം ആരിഫ് എം.പി എന്നിവർ ജോർജ്കുട്ടിയെ അഭിനന്ദിച്ചു.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പ്രതിഷേധിച്ച കുട്ടികൾക്കൊപ്പമാണ് താനെന്ന് ഫഹദ് ഫാസിൽ. ഇക്കാര്യത്തിൽ എല്ലാവരും ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് പറഞ്ഞു.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ആദ്യമായി പങ്കെടുക്കും. സ്ക്വാഡ്രോൺ ലീഡർ പി.എസ്. ജയ്താവത് ഗരുഡാണ് ടീമിനെ നയിക്കുന്നത്. സ്ക്വാഡ്രോൺ ലീഡർ സിന്ധു റെഡ്ഡി കോണ്ടിജന്റ് കമാൻഡറായിരിക്കും. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.