കേരള ചരിത്രത്തിൽ തന്നെ വിപ്ലവാത്മകമായ തീരുമാനമായിരുന്നു കുസാറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകിയത്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി പ്രാബല്യത്തിൽ വരും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുന്ന നിയമം പാസാക്കി 30 വർഷം മുൻപ് തന്നെ ബീഹാർ സർക്കാർ ശ്രദ്ധ നേടിയിരുന്നു. തൃപ്പൂണിത്തുറയിലെ ഒരു സ്കൂളിൽ 100 വർഷങ്ങൾക്ക് മുൻപ് ആർത്തവ അവധി നൽകിയിരുന്നതായും ചരിത്രം പറയുന്നു. കുസാറ്റ് സർവ്വകലാശാലയിലെ വനിതാ എസ്.എഫ്.ഐ യൂണിറ്റിന്റെ പോരാട്ടത്തിനൊടുവിലാണ് ക്യാമ്പസ് ചരിത്രമുഹൂർത്തത്തിന് വേദി ആയത്. ഇത്തരം അവധികളുടെ പേരിൽ സ്ത്രീകൾ വീണ്ടും മാറ്റി നിർത്തപ്പെടും, സ്ത്രീയും പുരുഷനും ഒരേ മനുഷ്യനാണ് എന്ന് വാദിക്കുന്നവർ മറക്കുന്ന ഒരു കാര്യം സ്ത്രീയും, പുരുഷനും വ്യത്യസ്ത ജൈവികത ഉള്ളവരാണെന്നതാണ്. മറ്റേതൊരു കാര്യം പോലെ തന്നെയുള്ളതാണെങ്കിലും ആ ദിവസങ്ങളിൽ ശാരീരിക, മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവർ അർഹിക്കുന്ന വിശ്രമം നൽകുക എന്നതാണ് അവധികൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഇതൊരിക്കലും ഔദാര്യമല്ല, അർഹതപ്പെട്ടത് തന്നെ. ആർത്തവാവധിയെ തുടർന്ന് സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് 75% ഹാജർ എന്നത് 73% ആക്കി കുറച്ചിട്ടുണ്ട്. സമാന രീതിയിലായിരിക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നടപടികൾ. എം.ജി സർവ്വകലാശാല 18 വയസ്സ് പൂർത്തിയാക്കിയ യു.ജി, പി. ജി വിദ്യാർത്ഥിനികൾക്ക് ഗർഭാവധിയും നൽകി വരുന്നു. പ്രസവത്തിന് മുൻപോ, ശേഷമോ 60 ദിവസത്തെ അവധി എടുക്കാം. ഗർഭചിദ്രം, ഗർഭാലസ്യം, ട്യൂബക്ടമി എന്നിവ ഉണ്ടായാൽ 14 ദിവസ അധിക അവധിയും ലഭ്യമാണ്. ജപ്പാൻ, ദക്ഷിണ കൊറിയ,തായ്വാൻ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിച്ചിട്ടുണ്ട്. ജപ്പാനിൽ ഈ നിയമം നിലവിൽ വന്നിട്ട് 70 വർഷങ്ങൾ പിന്നിടുന്നു. ദക്ഷിണ കൊറിയയിൽ അവധി സ്വീകരിക്കുന്ന സ്ത്രീകൾക്ക് അധികവേദനം നൽകുന്നതും ശ്രദ്ധേയം. രാജ്യത്ത് ഈ നിയമം നിലവിൽ വരണമെന്നാവശ്യപ്പെട്ട് ഷൈലേന്ദ്രമണി ത്രിപാഠി പൊതുതാല്പര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ആർത്തവ വേദന ഹൃദയാഘാത വേദനക്ക് തുല്യമാണെന്ന ലണ്ടൻ യൂണിവേഴ്സിറ്റി പഠന റിപ്പോർട്ടും ഒപ്പം സമർപ്പിച്ചിരിക്കുന്നു. സൊമാറ്റൊ, ബൈജൂസ്, സ്വിഗ്ഗി എന്നിവ ശമ്പളത്തോടെ ആർത്തവ അവധി നൽകുന്നതും പരാമർശിച്ചിരിക്കുന്നു.
എസ്.എം.എ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. എസ്.എം.എ ബാധിച്ച കുട്ടികൾക്ക് സ്പൈന്‍ സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്ക് സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക സൗകര്യം ഒരുക്കും.
സിനിമാ ടെലിവിഷൻ താരം രാഖി സാവന്ത് അറസ്റ്റിൽ. മോഡലും നടിയുമായ ഷെർലിൻ ചോപ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാഖി സാവന്ത് തന്റെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചെന്നാണ് നടി ആരോപിക്കുന്നത്. ഇന്ന് പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഖിയെ പൊലീസ് അറസ്റ്റ് ചെയ്തത്.