മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് പുതിയ നിയമനം. നേരത്തെ എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്.
ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ വെയിൽസിനെ നേരിടും. ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയും നേടി ഇന്ത്യയുടെ ക്വാർട്ടർ ഫൈനലിലേക്കുള്ള സാധ്യത ഇന്ന് നടക്കുന്ന സ്പെയിൻ-ഇംഗ്ലണ്ട് മത്സരത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.
കൃത്യമായ ദിശാബോധമില്ലാതെയുള്ള പ്രവർത്തനമാണ് കെൽട്രോണിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാൻ ശ്രമിക്കണമെന്നും ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.