കർണാടക ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇത് മൂന്നാം തവണയാണ് അൻവർ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. കർണാടക ക്വാറി ഇടപാടിലാണ് അന്വേഷണമെങ്കിലും പി.വി അൻവറിന്റെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മുൻ കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും. പ്രതാപചന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോൺഗ്രസ് നേതാക്കളുടെ അപവാദ പ്രചാരണം മൂലമുണ്ടായ മാനസിക വിഷമമാണ് പ്രതാപ ചന്ദ്രന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.
പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി പെരുനെല്ലി എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുപ്പിക്കും.