കേരള സർവകലാശാലയുടെ വിസി നിയമനത്തിനായി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെയാണ് തീരുമാനം. ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്.
ചെറുതോണി അണക്കെട്ട് ഉൾപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ ഓറഞ്ച് അലർട്ട്. ജലനിരപ്പ് 2381.54 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ് പ്രകാരം സംഭരണ ശേഷി 2382.53 അടിയാണ്. 2382.53 അടിയിലേക്ക് എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.
കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു.