ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി കെട്ടിടവും വർക്ക്ഷോപ്പും നൽകാൻ തയ്യാറെന്ന് മന്ത്രി ആന്റണി രാജു. 'ഇവോൾവ്' സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. ഇതിനായി രൂപകൽപ്പന ചെയ്ത 3 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഉടൻ പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി ഏഴരയോടെയാണ് അരിമണി എസ്റ്റേറ്റിന് സമീപം ചൂലിപ്പാടത്ത് കാട്ടാന എത്തിയത്. നെൽവയലിൽ ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു. ഒരു തെങ്ങും ആന മറിച്ചിട്ടിട്ടുണ്ട്. പിടി7 നെ പിടികൂടി തൊട്ടടുത്ത ദിവസമാണ് വീണ്ടും ആനയിറങ്ങിയത്.