പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുള്ളത് തിരുത്തി പോളണ്ടിനെക്കുറിച്ച് സംസാരിപ്പിക്കുകയാണ് മലയാളി ബിയർ. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നറിയിച്ചുകൊണ്ട് തന്നെ പാലക്കാട് സ്വദേശി ചന്ദ്രമോഹനും, സുഹൃത്ത് സർഗീവ് കുമാരനും ആരംഭിച്ച മലയാളി ബിയറിനെക്കുറിച്ച് അറിയാം കഥയിലൂടെ. ഇന്തോ - പോളിഷ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ ബിസിനസ് റിലേഷൻ ഡയറക്ടർമാരായിരുന്നു ഇരുവരും. ഇന്ത്യയിൽ നിന്നുള്ള അവിൽ യൂറോപ്പിൽ വിതരണം ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. ആഫ്രിക്കയിലേക്കും വിതരണമുണ്ടായിരുന്ന കമ്പനി, ഒരു ആഫ്രിക്കൻ വ്യാപാരിയുടെ ഓർഡർ പ്രകാരം അഞ്ച് കണ്ടെയ്നർ അവിൽ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചെങ്കിലും അപ്രതീക്ഷിതമായി റഷ്യ- യുക്രെയ്ൻ യുദ്ധമെത്തി. പോളണ്ടിൽ കെട്ടിക്കിടക്കുന്ന അവിൽ എവിടെ സൂക്ഷിക്കും, എങ്ങനെ വിറ്റ് തീർക്കും എന്ന വലിയ ചോദ്യം അവർക്ക് മുന്നിൽ ഉയർന്നു. ഇതിനാവശ്യമായ ഭീമമായ തുകയെക്കുറിച്ച് ഓർത്തപ്പോഴാണ്, അവിൽ മറ്റെന്തെങ്കിലും ഉത്പ്പന്നമാക്കി മാറ്റാം എന്ന ആശയമുദിച്ചത്. വളർത്തുമൃഗങ്ങളുടെ ഭക്ഷണമാക്കി മാറ്റാൻ തീരുമാനിച്ചെങ്കിലും യൂറോപ്പിലെ കർശന വളർത്തുമൃഗ പരിപാലന നിയമങ്ങൾ പ്രതിസന്ധിയായി. കുറഞ്ഞത് 9 മാസത്തെ പഠനം, പ്രൊഡക്ട് ലാബിലെ പരീക്ഷണം, ടെസ്റ്റ് റിസൽട്ട് പോസിറ്റീവ് ആണെങ്കിൽ മാത്രം ഉത്പ്പന്നം മാർക്കറ്റിലേക്ക്. എന്നാൽ അത്രയും നാൾ മനുഷ്യൻ ക്ഷമ കാണിച്ചാലും, അവിൽ കാത്തിരിക്കില്ലായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന ജാപ്പനീസ് റൈസ് ബിയറാണ് പുത്തൻ ആശയത്തിലേക്ക് വഴി തുറന്നത്. ഏത് സ്ഥലത്തും ലഭ്യമാകുന്ന ചേരുവകൾ ചേർത്ത് ഹൈബ്രിഡ് ബിയർ നിർമ്മിക്കാമെന്ന ആശയത്തോട് ഏവരും യോജിച്ചു. റെസ്റ്ററന്റുകൾ വാങ്ങാൻ തയ്യാറാണെങ്കിൽ, അത്യാവശ്യം ഓർഡറുകൾ ലഭിക്കുകയാണെങ്കിൽ മാത്രം പിന്തുണക്കാമെന്ന് ആദ്യം സമീപിച്ച ബ്രൂവറി അറിയിച്ചു. എന്നാൽ വളരെ വേഗം തന്നെ അവരുടെ പേരിടാത്ത ബിയർ യൂറോപ്പിൽ ഖ്യാതി നേടി. യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ബിയർ കുടിക്കാൻ ആളുകൾ എത്തിത്തുടങ്ങിയതോടെ റെസ്റ്ററന്റുകളുടെ അഭിപ്രായ പ്രകാരമാണ്, ബിയറിന് ഒരു ബ്രാൻഡ് നെയിം നൽകി ബിസിനസ് ആക്കാം എന്ന ചിന്ത അവരിൽ ഉണ്ടായത്. സാധനം കയ്യിലുണ്ടോ? നിങ്ങൾ എവിടെ പോയാലും ഞാൻ അവിടെ ഉണ്ട് എന്നെല്ലാമുള്ള രസികൻ ടാഗോടെ 2022 നവംബറിൽ വിപണിയിലെത്തിയ മലയാളി ബിയർ ഇന്ന് യൂറോപ്പിലെ റെസ്റ്ററന്റുകൾ കീഴടക്കുകയാണ്.
ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ യൂണിറ്റ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി. മുൻകാലങ്ങളിലെ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കണമെന്നും ഡി.ജി.പി പറഞ്ഞു.
ജാതി വിവേചന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടർക്കു വേണ്ടി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ.