സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. 18 വയസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി റദ്ദാക്കി. വൃത്തിഹീനമായിട്ടും പ്രവർത്തിക്കാൻ അനുമതി നൽകിയ രണ്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാകമ്മീഷണർ, ഫുഡ് സേഫ്റ്റി ഓഫീസർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരായ ലൈംഗികാരോപണത്തിൽ ശക്തമായ നടപടി സ്വീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് താരങ്ങൾ. സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധകർ പറഞ്ഞു. എൻഎസ്എഫ് പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരണ്‍ സിംഗ് രാജിവയ്ക്കണമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് വ്യക്തമാക്കി.