സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് നിർദേശം. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 2018ലാണ് സംസ്ഥാന സർക്കാർ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചത്.
എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാക്കനാട് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്കെതിരെ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഗുസ്തി താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പണം തട്ടാനും ബ്ലാക്ക്മെയിൽ ചെയ്യാനും താരങ്ങൾ ശ്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.