സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. ഇതിനായി രൂപകൽപ്പന ചെയ്ത 3 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഉടൻ പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ എട്ട് പേരാണ് രാജിവെച്ചത്. ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവച്ചത്. അധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാനാവില്ലെന്ന് രാജിവച്ച അധ്യാപകർ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി കെട്ടിടവും വർക്ക്ഷോപ്പും നൽകാൻ തയ്യാറെന്ന് മന്ത്രി ആന്റണി രാജു. 'ഇവോൾവ്' സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.