ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയ വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരേ അതിക്രമം. കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ഹരീഷ് ചന്ദ്ര അറസ്റ്റിലായി. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക.