ദേശീയ വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരേ അതിക്രമം. കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ഹരീഷ് ചന്ദ്ര അറസ്റ്റിലായി. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.
പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിലെ ഐക്യമാണ് പ്രധാനം. അഭിപ്രായങ്ങൾ പല തരത്തിൽ ഉണ്ടാകും. അത് പാർട്ടി വേദിയിൽ പറയണം. യോജിച്ച മുന്നേറ്റമാണ് ഇപ്പോൾ വേണ്ടതെന്നും, ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഎം പങ്കെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.