അന്വേഷണ ഏജൻസികളോട് വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി. ക്രിമിനൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമ പ്രവർത്തകർ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഞ്ജനി മഹാജൻ പറഞ്ഞു.
ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. 12 റൺസിനാണ് ഇന്ത്യയുടെ ജയം. ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 337 റൺസിന് ന്യൂസിലൻഡ് ഓൾ ഔട്ട് ആയി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റുകൾ വീഴ്ത്തി.
പറവൂരിൽ കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മൈപ്പാടി ഖഷീദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്റെ ലൈസൻസ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.