ലൈംഗികാരോപണത്തിൽപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിക്കെതിരെ ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയയും സാക്ഷി മാലിക്കും. കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പ് താരങ്ങളുടെ അഭിപ്രായം കേൾക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ഇരുവരും ആരോപിച്ചു.
വിചാരണക്കോടതി വിധിക്കെതിരെ വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതിയുടെ വിധി നാളെ. അതേസമയം, കവരത്തി കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ട് ഫെബ്രുവരി 27നു തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ബിവറേജ് ബ്രാൻഡായ പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ കന്നഡ നടൻ യാഷ്. അടുത്തിടെ ദേശീയതലത്തിൽ പ്രശംസ നേടിയ കന്നഡ ചിത്രമായ കെജിഎഫിൽ അഭിനയിച്ച യാഷ് പെപ്സി ബ്രാൻഡിന്റെ പ്രചാരണത്തിനായി സൽമാൻ ഖാനൊപ്പം ചേരും. യാഷുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് പെപ്സികോ ഇന്ത്യ, പെപ്സി കോള വിഭാഗം മേധാവി സൗമ്യ റാത്തോര്‍ വ്യക്തമാക്കി.