മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. രാവിലെ ആറുമണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാത്തതിനാൽ ആചാരപരമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനം നടത്താനുള്ള അവസരം ഇന്നലെ അവസാനിച്ചു. നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു.
ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പ് നോട്ടീസ് അയച്ചു. നടിയുടെ പേരിലുള്ള നാസിക്കിലെ ഒരു ഹെക്ടർ ഭൂമിക്ക് നികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്. 2023 ജനുവരി 9ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ഐശ്വര്യ റായി 21,960 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളത്.
പറവൂരിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് കർശന നടപടിയുമായി പൊലീസ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയും ഇവരുടെ മൊഴിയെടുത്ത് തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു. മജ്ലിസ് ഹോട്ടലിൽ നടന്നത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു.