കഫേ കോഫി ഡേയ്ക്ക് സെബി 25 കോടി രൂപ പിഴ ചുമത്തി. പിഴത്തുക 45 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിർദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ 7 സ്ഥാപനങ്ങളിൽ നിന്ന് അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് 3,500 കോടി രൂപ വകമാറ്റിയതായും ഇത് ഓഹരി ഉടമകൾക്ക് നഷ്ടമുണ്ടാക്കിയതായും സെബി കണ്ടെത്തി.
വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി പി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. വധശ്രമക്കേസിലെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് ജാമ്യം തേടി എം.പി അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
കുറഞ്ഞ റീചാർജ് നിരക്കുകൾ ഉയർത്തി ഭാരതി എയർടെൽ. ഇത്തവണ, രാജ്യത്തുടനീളമുള്ള ഏഴ് സർക്കിളുകളിൽ മിനിമം റീചാർജ് നിരക്ക് 155 രൂപയായി ഉയർത്തി. 99 രൂപയുടെ റീചാർജ് പ്ലാൻ നിർത്തലാക്കുകയാണ് ചെയ്തത്. ഇതോടെ ഈ സർക്കിളുകളിലെ കുറഞ്ഞ നിരക്കിൽ ഒറ്റയടിക്ക് 57 ശതമാനം വർധനവുണ്ടായി.