ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓരോ പ്രതികളും സമർപ്പിച്ച പ്രത്യേക ജാമ്യാപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്യുന്നതിനെ പറ്റി ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് ഹൈക്കോടതി. വിധി സ്റ്റേ ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ വാദിക്കാൻ കൂടുതൽ സമയം തേടണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വിമാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം തേടിയ ശേഷമാണ് ചട്ടലംഘനത്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.