സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക.
ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.