ഗുണ്ടകളുമായും മണൽ മാഫിയയുമായുമുള്ള ബന്ധം വ്യക്തമായതോടെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ മറ്റ് 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. പകരം 25 പേരെ സ്റ്റേഷനിൽ നിയമിക്കുകയും ചെയ്തു.
താലൂക്ക് ഗവ. ആശുപത്രിയിലെ കാന്റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയത് വിവാദത്തിന് കാരണമായി. ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും കാന്റീൻ അടപ്പിക്കുകയും ചെയ്തു. എംബാം ചെയ്ത മൃതദേഹം സൂക്ഷിച്ച പെട്ടിയാണ് താലൂക്ക് ആശുപത്രി ഒരാഴ്ചയായി കാന്റീനിൽ സൂക്ഷിച്ചിരുന്നത്.
ടെക്നോപാര്‍ക്കിന്റെ തോന്നയ്ക്കലിലെ നാലാം കാമ്പസില്‍ മിനി ടൗണ്‍ഷിപ്പിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഒരേ കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സംയോജിതമായ പദ്ധതിയാണിത്. 30 ഏക്കറിൽ 1,600 കോടി രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കുന്നത്.