2021 ലെ ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിന് ശേഷം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്തുന്നു. ട്രംപിന്റെ അക്കൗണ്ടുകൾ വരും ആഴ്ചകളിൽ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോള കാര്യ പ്രസിഡന്റ് നിക് ക്ലെഗ് അറിയിച്ചു.
കോവിഡ്-19 വാക്സിൻ നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം വിലക്ക് നേരിട്ട സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ മികച്ച മുന്നേറ്റം. റഷ്യയുടെ ആന്ദ്രെ റുബ്ലേവിനെ അനായാസം പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് പുരുഷ സിംഗിൾസിൻ്റെ സെമിയിലെത്തിയത്. സെമി ഫൈനലിൽ യു എസ് താരം ടോമി പോളാണ് എതിരാളി.
വൻകിട പദ്ധതികൾക്ക് കിഫ്ബി ഫണ്ട് എല്ലായ്പ്പോഴും പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫണ്ടിന്റെ അഭാവം മൂലം പദ്ധതികൾ മുടങ്ങിയാൽ കേന്ദ്രസർക്കാരിൻ്റെ സമീപനത്തിൽ തിരുത്തൽ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതികൾ തുടരുന്നതല്ലാതെ ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന.