കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം പാർട്ടി അന്വേഷിക്കും. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാർട്ടിയുടെ അന്വേഷണം. കഴിഞ്ഞ മാസമാണ് കെ.പി.സി.സി ട്രഷറർ വി പ്രതാപ ചന്ദ്രൻ മരിച്ചത്.
പാലക്കാട് ടസ്കർ സെവനെ (പിടി 7) പിടികൂടാനുള്ള ഇന്നത്തെ ദൗത്യവും അവസാനിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളി ഉയർത്തിയതിനാലാണ് മയക്കു വെടിവയ്ക്കാനുള്ള ഇന്നത്തെ ശ്രമവും പരാജയപ്പെട്ടത്. 52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കി ആനകളുമടങ്ങുന്ന വലിയ സംഘമുണ്ടായിട്ടും പിടി 7നെ പിടികൂടാനായില്ല.
തന്റെ വളർത്തുനായയെ പേരെടുത്ത് പറയാതെ 'നായ' എന്ന് വിളിച്ചതിന് 62 കാരനെ തല്ലിക്കൊന്നു. തമിഴ്നാട് ദിണ്ഡഗൽ സ്വദേശി രായപ്പനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളും ബന്ധുക്കളുമായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയേൽ, വിൻസെന്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.