ഇലന്തൂർ നരബലി കേസിൽ ആലുവ റൂറൽ പൊലീസ് രണ്ടാം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ സമർപ്പിച്ചതെന്ന് റൂറൽ എസ്.പി വിവേക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിനിമാ താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതിഖ് റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതിഖ് റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന വ്യാജേന പലരിൽ നിന്നും നിക്ഷേപം വാങ്ങിയെന്നാണ് പരാതി. കഴിഞ്ഞ മൂന്ന് വർഷമായി സ്വാതിഖ് റഹിമിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.
പാലക്കാട്ടെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ ഒറ്റയൻ പി.ടി 7 നെ (പാലക്കാട് ടസ്കർ 7) കുങ്കിയാനമാക്കി മാറ്റുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ. കുങ്കിയാന ആക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. അതേസമയം, പിടി ഏഴാമന്റെ പേര് 'ധോണി' എന്നാക്കി മാറ്റി. നിലവിൽ ആനയെ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിൽ തളച്ചിരിക്കുകയാണ്.