ആ ശവക്കല്ലറ തുറക്കാൻ ശ്രമിക്കരുത്, വിഷം പുരട്ടിയ അമ്പുകളാൽ നിങ്ങൾ കൊല്ലപ്പെടും. അതും കടന്ന് അകത്തേക്ക് പോയാലോ മെർക്കുറി നദിയിൽ മുങ്ങിമരിക്കും. ഒരു ഹോളിവുഡ് സിനിമയുടെ അവതരണമാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ബി.സി 221 മുതൽ 210 വരെ ചൈന ഭരിച്ചിരുന്ന കീൻ ഷീ ഹ്വാങ്ങിന്റെ നിഗൂഢ ശവകുടീര വിശദീകരണമാണിത്. നിമിഷനേരം കൊണ്ട് ആളെ കൊല്ലുന്ന മാരക കെണികൾ ഒളിഞ്ഞിരിക്കുന്നതിനാൽ, പുരാവസ്തു ഗവേഷകർക്ക് മുന്നിൽ ഇന്നും പല രഹസ്യങ്ങളും ഒളിപ്പിച്ചു നിലകൊള്ളുകയാണ് ഈ ശവകുടീരം. അപ്പോഴും ശവകുടീരത്തിന് അരികിലുള്ള ആയിരക്കണക്കിന് മൃഗങ്ങളുടെയും, ചൈനീസ് സൈനികരുടെയും കളിമൺ ശില്പങ്ങൾ ഏവർക്കും അത്ഭുത കാഴ്ചയാണ്. ഷാൻഷി പ്രവിശ്യയിലെ കളിമൺ ശില്പങ്ങളുടെ അത്ഭുതം 1974 ൽ ഒരു കൂട്ടം കർഷകരിലൂടെയാണ് പുറംലോകം അറിഞ്ഞത്. കൃഷിക്കായി നിലം ഒരുക്കിയ അവർക്ക് ശില്പങ്ങളുടെ കൈകാലുകൾ ലഭിച്ചു. പിന്നീടുള്ള വിശദമായ ഗവേഷണത്തിലൂടെ അവർ ചെന്നെത്തിയത് അമ്പരപ്പിക്കുന്ന മറ്റൊരു ലോകത്തേക്ക്. രാജാവ് മരിച്ചപ്പോൾ ശവകുടീരത്തിനരികിൽ നിർമ്മിച്ച ശില്പങ്ങളായിരുന്നു അവ. സ്വർഗത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആത്മാവിന്റെ യാത്രക്കിടയിൽ പോരാടുന്നതിനായി ശില്പങ്ങൾ നിർമ്മിച്ചു എന്നും, ശവകുടീരത്തിന് സംരക്ഷണം നൽകുന്നതിനായി സ്ഥാപിക്കപെട്ട ശില്പങ്ങളാണിതെന്നും കഥകൾ ഉണ്ട്. 249 അടിയോളം ഉയരമുള്ള പിരമിഡിന് സമാനമായ ആ ശവകുടീരവും, ശില്പങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തി. ആ പ്രദേശം ഒരു മ്യൂസിയം ആക്കി മാറ്റിയെങ്കിലും രാജാവിന്റെ കല്ലറ തുറക്കാൻ ഗവേഷകർക്ക് കഴിഞ്ഞില്ല. 2000 വർഷങ്ങൾക്കിപ്പുറവും ഒരു മനുഷ്യജീവനും കല്ലറയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നതാണ് സത്യം. കല്ലറയിലെ കെണികളെക്കുറിച്ച് ചൈനീസ് ചരിത്രകാരൻ സിമ ക്വിയാൻ എഴുതിയ കുറിപ്പാണ് ഇതിന് കാരണം. ഗവേഷകർ നടത്തിയ വിശദപരിശോധനയിൽ മണ്ണിൽ മെർക്കുറിയുടെ സാന്നിധ്യവും കണ്ടെത്തി. എക്സേറേക്ക് സമാനമായ കോസ്മിക് രശ്മികളുടെ സഹായത്തോടെ കൂടുതൽ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, ശില്പങ്ങൾ എന്നിവയെല്ലാം അപഹരിക്കപ്പെടാതിരിക്കാനാണ് കല്ലറക്കുള്ളിൽ കെണികൾ ഒരുക്കിയിരിക്കുന്നതെന്നും സിമ ക്വിയാന്റെ കുറിപ്പിൽ ഉണ്ട്. രാജാവിന്റെ 13ആം വയസ്സിൽ തന്നെ കല്ലറയുടെ നിർമ്മാണം ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
കലൂരിൽ ചെരുപ്പ് നിർമ്മാണ യൂണിറ്റ് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. എട്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എസ്ആർഎം റോഡിലെ ലിബ ഫുട്വെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനും തീപിടിച്ചു.
സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'രോമാഞ്ച'ത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി മൂന്നിനു തീയേറ്ററുകളിലെത്തും. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിനു സുഷിൻ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.