തൊഴിലുറപ്പ് വരുമാനം കൂട്ടിവച്ച് റിപ്പബ്ലിക് ദിനത്തിൽ ആദ്യ വിമാനയാത്ര നടത്തി തൊഴിലാളികൾ. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിളക്കാംകുന്ന് 12ആം വാർഡിലെ സ്ത്രീകളാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയത്. ഹരിതകർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് എന്നീ മേഖലകളിൽ നിന്നുള്ളവരായിരുന്നു യാത്രികർ. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സാധ്യമായതെന്ന് കൂട്ടത്തിൽ ഏറ്റവും മുതിർന്ന ചെല്ലമ്മ പറഞ്ഞു. വിമാന യാത്രയുടെ ചിത്രങ്ങളും മറ്റും സംഘത്തെ നയിക്കുന്ന സാലി രാജൻ വാട്സാപ്പിൽ പങ്കുവെച്ചതായിരുന്നു യാത്രയുടെ പ്രചോദനം. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് അംഗവുമായ എബിസൺ കെ. എബ്രഹാം പിന്തുണ നൽകിയതോടെ യാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഒരു വർഷത്തോളമായി സ്വരൂപിച്ച 73,000 രൂപ കൊണ്ടാണ് ടിക്കറ്റ് എടുത്തത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് യാത്രയിൽ അധികവും. വിദ്യാർത്ഥികളെ വിമാന യാത്രയിൽ നയിച്ച് പരിചയമുള്ള കുഴിമറ്റം സെന്റ്.ജോർജ് എൽ.പി സ്കൂൾ അധ്യാപകനും, അദ്ദേഹത്തിന്റെ ഭാര്യ എം.സി ബിൻസിയും യാത്രക്കാർക്ക് വേണ്ട സഹായത്തിനായി കൂടെയുണ്ട്.
യാത്രക്കാരുടേത് ഒഴികെയുള്ള കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 75% തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് മൂന്ന് വിഭാഗങ്ങളിലായി തുക തിരികെ നൽകും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നിർദേശം പുറപ്പെടുവിച്ചത്. ഫെബ്രുവരി 15 മുതൽ ഇത് പ്രാബല്യത്തിൽ വരും.
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മേജർ ശുഭാംഗ്, നായിക് ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് കീർത്തി ചക്ര ലഭിച്ചത്. അഞ്ച് പേർ അതി വിശിഷ്ട് സേവാ മെഡലിനും 40 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഏഴ് പേർക്ക് ശൗര്യ ചക്ര. മലയാളിയായ ലഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരം വിശിഷ്ട സേവാ മെഡലിനും അർഹനായി.