ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 10 മുതൽ 20 വരെ ഭുവനേശ്വറിൽ നടക്കും. 2 ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ കേരളം ഗ്രൂപ്പ് എയിലാണ്. 10ന് ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. സെമി ഫൈനലും ഫൈനലും മാർച്ചിൽ സൗദിയിൽ നടക്കും. തീയതി ഇതുവരെ തീരുമാനമായിട്ടില്ല.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണമെന്നും വ്യക്തമാക്കണമെന്നാണ് നിർദ്ദേശം.