കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8.30 ഓടെ കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിനായി റിസർവ് ബാങ്ക് 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കും. ഇതാദ്യമായാണ് റിസർവ് ബാങ്ക് ഹരിത ബോണ്ട് അവതരിപ്പിക്കുന്നത്. വിൽപ്പനയുടെ ആദ്യ ഘട്ടമാണ് ഇന്ന്. 5 വർഷവും 10 വർഷവും കാലാവധിയുള്ള 4,000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്.
അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വീട്ടിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് വിശദീകരിച്ചു. രേഖകൾ കണ്ടെത്തിയതിന് ശേഷം ട്രംപ് മൈക്ക് പെൻസിനെ പ്രതിരോധിച്ച് രംഗത്തെത്തി.